Loading...

Kids Club - സിപ്പി മാഷും കഥകളും

കുയിലുകളും വസന്തദേവതയും

കുയിലുകള്‍ക്കെല്ലാം പണ്ട് പാലുപോലെ വെളുത്ത നിറമായിരുന്നു. മാത്രമോ, വള്ളികളും ചുള്ളികളും അടുക്കിവച്ച് രസകരമായി കൂടുകൂട്ടാനും അവര്‍ക്ക് നല്ല വിരുതുണ്ടായിരുന്നു. എന്നിട്ടിപ്പോള്‍ എങ്ങനെ ഇങ്ങനെയായി? അതിനൊരു കഥയുണ്ട് കേട്ടോളൂ. ഒരിക്കല്‍ വസന്തദേവതയും സഖിമാരും കാട്ടിലൂടെ ചുറ്റിത്തിരിയുകയായിരുന്നു. അപ്പോള്‍ എവിടെ നിന്നോ കുയിലുകളുടെ മധുരഗാനം ഒഴുകിയെത്തി.
''ഹായ്, ഈ വസന്തകാലത്ത് ഇത്ര മനോഹരമായി പാടുന്നതാരാണ്?''
''അതാണ് കുയിലുകള്‍. എല്ലാവരും ഇഷ്ടപ്പെടുന്ന തൂവെള്ള പക്ഷികള്‍.'' സഖിമാര്‍ കുയിലുകളിരിക്കുന്ന പൂമരക്കൊമ്പത്തേക്ക് കൈചൂണ്ടി. ''എങ്കില്‍ ഇവരെ ഞാന്‍ പക്ഷികളുടെ രാജാക്കന്‍മാരാക്കി മാറ്റുന്നു. ഇന്നു മുതല്‍ എല്ലാ പക്ഷികളും ഇവരെ അനുസരിച്ചും ആദരിച്ചും ജീവിക്കട്ടെ.''

വസന്തദേവത അനുഗ്രഹിച്ചു. അതോടെ എല്ലാ പക്ഷികളും കുയിലുകളെ കൂടുതല്‍ സ്‌നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. എന്നാല്‍ കുറേക്കാലം കഴിഞ്ഞപ്പോള്‍ കുയിലുകളുടെ മട്ടും മാതിരിയുമൊക്കെ മാറി. അവര്‍ മറ്റു പക്ഷികളെ കുത്താനും ഞോണ്ടാനും പരിഹസിക്കാനും തുടങ്ങി. പക്ഷേ കുയിലുകളോട് എതിരിടാനോ പകരം ചോദിക്കാനോ മറ്റു പക്ഷികള്‍ക്കൊന്നും ധൈര്യമുണ്ടായിരുന്നില്ല. അങ്ങനെ ചെയ്താല്‍ വസന്തദേവതയുടെ ശാപം കിട്ടുമോ എന്നാണവരുടെ പേടി. അതോടെ കുയിലുകളുടെ തെമ്മാടിത്തരത്തിന് അതിരില്ലാതായി. അവരുടെ ഉപദ്രവം സഹിക്കവയ്യാതെ പക്ഷികള്‍ ഞെരിപിരികൊണ്ടു.

ഒരു ദിവസം കണ്ണന്‍ കാക്കയുടെ നേതൃത്വത്തില്‍ എല്ലാവരും കൂടി വസന്തദേവതയുടെ അരികിലെത്തി. ''പൊന്നുദേവതേ, കുയിലുകളുടെ ഉപദ്രവം കൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടി. എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷിക്കണം.'' ''എന്ത്?, കുയിലുകള്‍ അത്ര അഹങ്കാരികളായെന്നോ? എങ്കില്‍ അതൊന്നു ചോദിച്ചിട്ടുതന്നെ കാര്യം.'' വസന്തദേവത അപ്പോള്‍ത്തന്നെ കുയിലുകളുടെ അടുക്കലെത്തി. വസന്തദേവത നല്ല ഉപദേശങ്ങള്‍ നല്‍കി അവരെ നന്നാക്കാന്‍ നോക്കിയെങ്കിലും കുയിലുകള്‍ വഴങ്ങിയില്ല.

പിറ്റേദിവസം കുയിലുകളെല്ലാം ചേര്‍ന്ന് കണ്ണന്‍ കാക്കയുടെ കൂട് തകര്‍ത്ത് അകത്തുണ്ടായിരുന്ന കുഞ്ഞുങ്ങളെയെല്ലാം കൊത്തിയോടിച്ചു. മറ്റൊരുദിവസം തത്തകള്‍ പാര്‍ക്കുന്ന പൊത്തിനുള്ളില്‍ കല്ലും മണ്ണും കൊത്തിയിട്ട് ശല്യപ്പെടുത്തി. എന്തിനു പറയുന്നു; കാട്ടിലും മേട്ടിലും ഓടിനടക്കുന്ന പാവം കീരനണ്ണാന്റെ കാലുകള്‍ പോലും അവര്‍ കൊത്തിയൊടിച്ചു. ഇതുകൂടി കേട്ടപ്പോള്‍ വസന്തദേവതയ്ക്ക് കോപം അടക്കാന്‍ കഴിഞ്ഞില്ല. കുയിലുകളുടെ അഹങ്കാരം എന്നെന്നേക്കുമായി ഇല്ലാതാക്കണമെന്ന് ദേവത തീരുമാനിച്ചു. കുയിലുകളുടെ നേര്‍ക്ക് കൈകളുയര്‍ത്തി ദേവത ഇങ്ങനെ ശപിച്ചു. ''മഹാപാപികളേ, സ്വന്തമായി കൂടുണ്ടാക്കുന്ന വിദ്യ നിങ്ങള്‍ എന്നെന്നേക്കുമായി മറന്നുപോകട്ടെ.''

വസന്തദേവതയുടെ ശാപം കേട്ട് കുയിലുകള്‍ നടുങ്ങിത്തെറിച്ചു. അവര്‍ കണ്ണീരോടെ ദേവതയുടെ കാല്‍ക്കല്‍ വീണ് അപേക്ഷിച്ചു. ''ദേവതേ കനിവുണ്ടാകണം. കൂടുണ്ടായില്ലെങ്കില്‍ അതോടെ ഞങ്ങളുടെ വംശം മുടിഞ്ഞുപോകും. ശാപം നീക്കിത്തരണേ.'' ''ഇല്ലില്ല, ശാപം ഒരിക്കലും നീക്കിത്തരില്ല. വംശം നിലനിര്‍ത്തണമെങ്കില്‍ ഇന്നുമുതല്‍ നിങ്ങള്‍ കാക്കക്കൂട്ടില്‍ മുട്ടയിട്ടോളൂ. ആരും അറിയാതിരിക്കാന്‍ നിങ്ങളുടെ വെള്ളനിറം മാറ്റി ഇതാ കറുപ്പുനിറം നല്‍കുന്നു.'' ദേവത കുയിലുകളുടെ നേര്‍ക്ക് കൈകളുയര്‍ത്തി. അതോടെ കുയിലുകളുടെ നിറം കറുപ്പായി മാറി. അന്നു മുതല്‍ കുയിലുകള്‍ കാക്കക്കൂട്ടില്‍ മുട്ടയിടാനും തുടങ്ങി.

Share